ഇരിട്ടി: അയല്‍ വീട്ടില്‍ നടന്ന തര്‍ക്കത്തില്‍ ഭാര്യ ഇടപെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ചായക്കട അയല്‍വാസി അടിച്ചുതകര്‍ത്തു. ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നതിനിടെ സാരമായി മുറിവേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി വളളിയോട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈന്‍ തൊഴിലാളിയുമായ ഹരീഷ് (42)നെയാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരിട്ടി നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്ഥതയിലുളള ചായക്കടയാണ് ഇയാള്‍ കൈകൊണ്ടും കടയിലുണ്ടായിരുന്ന സ്റ്റൂൾ ഉപയോഗിച്ചും അടിച്ചുതകര്‍ത്തത്.
ഹരീഷിന്റെ അയല്‍വാസിയായ അരുണ്‍ കുമാറാണ് കുറച്ചുമാസങ്ങളായി ദേവദാസ് നമ്പീശന്റെ കട വാടകക്ക് എടുത്ത് നടത്തിവന്നിരുന്നത്. ഹരീഷും ഭാര്യയുമായി വഴക്കടിക്കുന്നതില്‍ അരുണ്‍കുമാറിന്റെ ഭാര്യ ഇടപെട്ടതാണ് ഹാരിഷിനെ ചൊടിപ്പിച്ചതെന്നാണ് പറയുന്നത്. സാരമായി മുറിവേറ്റ് രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന കൈയുമായി ഹരീഷ് കാറുമായി ഇരിട്ടി മേലേ സ്‌റ്റാന്റില്‍ എത്തുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഇരിട്ടി പോലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവശനിലയിലായതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. കടയുടമയുടെ പരാതിയില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

