വൈക്കം മുഹമ്മദ് ബഷീർ …
മലയാള സാഹിതൃത്തിലെ അക്ഷരദീപം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ . ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹ്മാന്റയും കുഞ്ഞാത്തുമ്മ യുടെയും ആറു മക്കളിൽ മൂത്തമകനായി ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

രസകരവും സാഹസികവും ആയിരുന്ന ബഷീറിന്റ ജീവിതത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതായിരുന്നു ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. 1930 കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റ പേരിൽ ജയിലിൽ ആയ ബഷീർ പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ പ്രഭ എന്ന തൂലികാ നാമത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല കൃതികൾ .

ഏകദേശം ഒൻപതു വർഷത്തോളം ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു നടന്ന കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റ സഹായിയായും കഴിഞ്ഞ അദ്ദേഹം പിന്നീട് പല ജോലികളും ചെയ്തു. അറബി നാടുകളിലും ആഫ്രിക്കയിലും ആയി തുടർന്നുള്ള സഞ്ചാരം. ഈ കാലയളവിൽ അദ്ദേഹം പല ഭാഷകളും പഠിക്കുകയും മനുഷ്യജീവിതത്തിലെ തീവ്രദാരിദ്ര്യവും മനുഷ്യ ദുരയുമുൾപ്പെടെ എല്ല വശങ്ങളും നേരിട്ടു കണ്ട ബഷീറിൻറെ ജീവിതം തന്നെയാണ് അദ്ദേഹത്തിൻറെ സാഹിത്യം എന്ന് പറയാം. ലോകം ചുറ്റുന്നതിനിടയിൽ അദ്ദേഹം കണ്ട കുറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റ കൃതികളിൽ തെളിഞ്ഞു കാണാവുന്നതാണ്. വളരെ കുറച്ചു മാത്രം എഴുതിയ ബഷീർ സാഹിത്യങ്ങൾ മലയാളത്തിൽ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റ ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ട് മാത്രമാണ്.

പത്മനാഭ പൈ പത്രാധിപരായിരുന്ന ജയ് കേസരിയിൽ ജോലി അന്വേഷിച്ച് ചെന്ന ബഷീറിനോട് പത്രാധിപർ ജോലി തരാൻ നിവൃത്തിയില്ലെന്നും കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും പറഞ്ഞപ്പോൾ നിവൃത്തിയില്ലാതെ എഴുതിയ കറുത്തിരുണ്ട വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനുമായ കഥയാണ് ആദ്യം പ്രസിദ്ധികരിച്ച തങ്കം.

ഹാസ്യത്തിലൂടെ വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്ന ബഷീർ സമൂഹത്തിന്റ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി മാറി. ജയിൽ പുള്ളികളുടെയും ഭിക്ഷക്കാരുടെയും, വേശ്യകളുടെയും പട്ടിണികാരുടെയും , സ്വവർഗാനുരാഗികളുടെയുമെല്ലാം ചേർന്ന ഒരു ഫാന്റസിയുടെ ലോകമായിരുന്നു ബഷീറിന്റേത്. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ സാഹിത്യത്തിൽ സ്ഥാനം ഇല്ലാതിരുന്ന കാലത്ത് ബഷീറിൻറെ തൂലികയിലൂടെ ഇതെല്ലാം പിറന്നിരുന്നു. ഒരു കാലത്ത് മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു.

പ്രേമലേഖനം, സർപ്പയജ്ഞം, ബാല്യകാലസഖി, ൻറെപ്പൂപ്പാക്കൊരാ നെണ്ടാർന്നു , ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട് , മതിലുകൾ , ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മരണത്തിന്റെ നിഴൽ, ജീവിതനിഴൽപാടുകൾ, താരാ സ്പെഷ്യൽസ്, മാന്ത്രികപൂച്ച, തുടങ്ങിയ നോവലുകളും ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും നാടകങ്ങളും ഓർമ്മ കുറിപ്പുകളുമെല്ലാം ബഷീറിന്റെ തൂലികതുമ്പിലൂടെ മലയാള സാഹിത്യത്തിലേക്ക് പിറന്നു വീണിട്ടുണ്ട്. ഇതിൽ ഭാർഗവീനിലയം മതിലുകൾ ബാല്യകാലസഖി എന്നിവ ചലച്ചിത്രം ആവുകയും ചെയ്തു.

ഇന്ത്യ ഗവൺമെൻറിൻറെ പത്മശ്രീ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ,കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം, സാംസ്കാരിക ദീപം അവാർഡ്, പ്രേം നസീർ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിവ ബഷീറിന് ലഭിച്ച ബഹുമതികളാണ്.

തൻറെ അമ്പതാം വയസ്സിൽ വിവാഹിതനായ ബഷീറിന്റ ഭാര്യ ഫാത്തിമ ബീവിയും അനീസ് ഷാഹിന എന്നിവർ മക്കളുമാണ്. 1994 ജൂലൈ 5-ന് മലയാള സാഹിത്യത്തിലെ ആ അക്ഷരദീപം അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →