തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയെച്ചൊല്ലി ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതിപക്ഷനേതാവ് വിഡി സതീശനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മന്ത്രിയുടെ വിശദീകരണം അടിസ്ഥാനരഹിതമെന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ വീണ്ടും രംഗത്തത്തിയിരിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് 01/07/21 വ്യാഴാഴ്ച ആവശ്യപ്പെട്ടു.
മരണം കൊവിഡ് മൂലം സംഭവിച്ചതാണെന്ന് സ്ഥിരീകരിക്കേണ്ടത് 24 മണിക്കൂറെങ്കിലും രോഗിയെ ചികിത്സിച്ച ഡോക്ടറായിരിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഐസിയു ബെഡില്‍ക്കിടന്ന് മരിച്ചാല്‍പ്പോലും അത് കൊവിഡ് മരണമാകാത്ത രീതിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎംആർ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഇതുവരെ മരണ നിരക്ക് കണക്കാക്കിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മരണ നിരക്ക് കുറച്ചു കാണിക്കണ്ട. അതില്‍ നാണക്കേട് വിചാരിക്കേണ്ടതുമില്ല. കൃത്യമായ മരണനിരക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് സര്‍ക്കാരിന് നേരെയുള്ള വിമര്‍ശനമല്ല മറിച്ച് ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
കോവിഡ് മൂലം മരിച്ചവരുടെ ആനുകൂല്യം നഷ്ടപ്പെടുത്താൻ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. കൃത്യമായി ഇത് നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമന്നും സര്‍ക്കാര്‍ ദുരഭിമാനം ഒഴിവാക്കണമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സുതാര്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിനോടുള്ള തന്റെ പ്രതികരണമറിയിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

