പയ്യന്നൂര്‍: കണ്ണൂർ പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള ഭർത്താവിന്റെ പീഡനം സഹിക്കാൻ പറ്റാതെയെന്ന് ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
ഭർതൃവീട്ടിൽ 2021 ജൂൺ രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ ചെയ്യതത്. ഏഴ് വർഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആദ്യത്തെ കുറച്ച് വർഷം സന്തോഷത്തോടെ കഴിഞ്ഞു, പിന്നീടാണ് പ്രശ്നങ്ങളുടെ തുടക്കം. പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞിരുന്നില്ല.
ഗൾഫിൽ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുവീട്ടിൽ കഴിയുന്ന റഷീദ് ആരോപണങ്ങൾ നിഷേധിക്കുകയാണ്.