ആലത്തൂര്‍ : പെണ്ണുകാണാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി സ്വദേശികളായ യുവാക്കളെ വധുവിന്റെ വീട്ടുകാരെന്ന വ്യജേന കോയമ്പത്തൂര്‍ പല്ലടത്തേക്ക് വിളിച്ചുവരുത്തിയാണ് കവര്‍ച്ച നടത്തിയത്. കഞ്ചിക്കോട് സ്വദേശിയായ ബിമല്‍ എന്ന ബിനീഷ് കുമാര്‍(44), തിരുപ്പൂര്‍ സ്വദേശികളായ പ്രകാശന് (40), വിഗ്നേഷ്(23), മണികണ്ഠന്(25) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു സംഭവം. ചിറ്റിലഞ്ചേരി സ്വദേശികളായ രാമകൃഷ്ണനും, സുഹൃത്ത് പ്രവീണുമാണ് തട്ടിപ്പിനിരയായത്. രാമകൃഷ്ണന് വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യം നല്കിയിരു്ന്നു. തുടര്‍ന്ന കോയമ്പത്തൂര്‍ പല്ലടത്തുന്നിന് വിവരം അന്വേഷിക്കാനെന്ന പേരില്‍ ഒരാള്‍ വിളിക്കുകയും തുടര്‍ന്ന് പെണ്ണ്കാണാന്‍ ക്ഷണിക്കുകയുമായിരുന്നു. അതനുസരിച്ച പല്ലടത്തെത്തിയ ഇവരെ ഒരു വീട്ടില്‍ കൊണ്ടുപോയി ഇരുത്തി. അല്‍പ്പസമയത്തിന് ശേഷം രണ്ടുപേരെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയായിരുന്നു. രാമകൃഷ്ണന്റെ 5 പവന് മാല ,ഒരുപവന് മോതിരം ,പ്രവീണിന്റെ ഒരുപവന് മോതിരം എന്നിവയാണ് കവര്‍ന്നത്. എടിഎം കാര്‍ഡ് കൈവപ്പെടുത്തി 40,000രൂപയും പിന്‍വലിച്ചശേഷം വന്ന കാറില്‍ തന്നെ നാട്ടിലേക്ക് അയച്ചു.
പല്ലടം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് രാമകൃഷ്ണന് പറഞ്ഞു. തുടര്‍ന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പോലീസ് നടത്തിയ അന്വെഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ക്വൊട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ബിമലിനെതിരെ കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളുണ്ട്. ഇന്റര്‍നാഷണല്‍ ലീഗല്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് ജസ്റ്റീസ് കൗണ്‍സില്‍ തിരുപ്പൂര്‍ ജില്ലാ പ്രസിഡന്റാണ് പിടിയിലായ പ്രകാശന്. .ആലത്തൂര്‍ ഡിവൈഎസ്പി സിആര്‍ സന്തോഷിന്‍രെ നേതൃത്വത്തില്‍ സിഐ ടിഎന്‍ ഉണ്ണികൃഷ്ണന്, എസ്ഐ ജിഷ്മോന്, വര്‍ഗീസ് , സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ബ്ലെസന്‍ ജോസ്, ഷംസുദ്ദീന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ. ജയന്.ദീപക്, എന്നിവരും ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രാജീദ്, വിനു എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.