ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കുട്ടികൾക്കായി ചിത്രരചനാ വാരം

ആലപ്പുഴ: കോവിഡ് കാലത്ത് നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. പഞ്ചായത്തിലെ എട്ടു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി ‘നേർവര’ എന്ന പേരിൽ ചിത്രരചന വാരം സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ ജൂലൈ നാലു വരെയാണ് ചിത്രരചന വാരം.

ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് മറ്റു വാർഡുകളിലും മത്സരം സംഘടിപ്പിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയാണ് മത്സരങ്ങളുടെ ഏകോപനം. കുട്ടികൾക്ക് ചിത്രരചനയ്ക്ക് ആവശ്യമായ പുസ്തകങ്ങളും കളർ പെൻസിലുകളും മറ്റും പഞ്ചായത്ത് വാങ്ങി നൽകും. ഇത് അയൽക്കൂട്ടങ്ങൾ വഴി കുട്ടികളുടെ പക്കൽ എത്തിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 25 വീടുകൾക്ക് ഒരു ക്ലസ്റ്റർ വീതം രൂപീകരിച്ചിട്ടുണ്ട്. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് പുസ്തകങ്ങളും മറ്റും വിതരണം ചെയ്യുക. ചിത്രരചനാ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.

സ്‌കൂളിൽ പോകാനോ മറ്റു കുട്ടികൾക്കൊപ്പം കളിക്കാനോ പുറത്തേക്ക് പോകാനോ പറ്റാത്ത സാഹചര്യത്തിൽ കുട്ടികളിൽ ഉണ്ടായിട്ടുള്ള മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ ‘ആടാം പാടാം ‘ എന്ന പരിപാടി പഞ്ചായത്ത് നേരത്തെ നടപ്പാക്കിയിരുന്നു. അത് മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചതിനാലാണ്  ‘ചിത്രരചനാ വാരം’ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ പറഞ്ഞു. കുട്ടികൾ വരച്ച ചിത്രങ്ങൾ കുടുംബശ്രീ മുഖേന ശേഖരിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചിത്രത്തിന് പ്രത്യേക സമ്മാനവും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. ചിത്രരചനാ വാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356339566, 9349725537.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →