ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ നോവോവാക്‌സ് വികസിപ്പിച്ച വാക്‌സിന്‍ കോവോവാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക. പുണെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് കോവോവാക്‌സ്.
ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടുവെന്ന് അദര്‍ പുനാവാല പറഞ്ഞു. ഈ ആഴ്ച ആദ്യത്തെ ബാച്ച് കോവോവാക്‌സ് നിര്‍മാണം ആരംഭിച്ചു. പുണെയിലെ പ്ലാന്റിൽ കോവോവാക്‌സിന്റെ ആദ്യ ബാച്ച് നിര്‍മിക്കുന്നത് കാണുന്നതിന്റെ ആവേശത്തിലാണെന്നും പുനവാല ട്വീറ്റ് ചെയ്തു. 18 വയസിന് താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാന്‍ വാക്‌സിന് കഴിവുണ്ടെന്നും പരീക്ഷണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം സെപ്തംബറോടെ കോവോവാക്സ് വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദര്‍ പുനാവാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വകഭേദങ്ങള്‍ക്കെതിരേ പരീക്ഷിച്ച കോവോവാക്സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പുനാവാല ട്വീറ്റ് ചെയ്തിരുന്നു.