ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണിയ്ക്ക് കഴിയില്ല; ജെ ഡി യു നേതാവ് പവൻ ശർമ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മൂന്നാം മുന്നണിയ്ക്ക് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ജെ.ഡി.യു. മുന്‍ രാജ്യസഭാ എം.പി. പവന്‍ വര്‍മ്മ. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച(22/06/21) മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മൂന്നാം മുന്നണിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചയായിരുന്നില്ല പവാര്‍ വിളിച്ചുചേര്‍ത്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന ചര്‍ച്ചയ്ക്കായുള്ള സ്ഥലമായിരുന്നു രാഷ്ട്ര മഞ്ച് യോഗം. നിലവിലെ രാഷ്ട്രീയ സംഭവങ്ങളെ വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മൂന്നാം മുന്നണി എന്ന ആശയം കോണ്‍ഗ്രസിനെ ഒഴിവാക്കി നടക്കില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും കൂടി ചേര്‍ന്നുള്ള ഒരു സഖ്യത്തിന് മാത്രമെ കഴിയുകയുള്ളു,’ പവന്‍ വര്‍മ്മ പറഞ്ഞു.

അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →