‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തി പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ 20/06/21 ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്.

അതേസമയം, ആവശ്യം വന്നാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഇനി ചോദ്യം ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നാലുദിവസം ദ്വീപില്‍ തുടരാനും പൊലീസ് ഐഷ സുല്‍ത്താനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കവരത്തി സിഐയും എസ്‌ഐയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം, വായില്‍ നിന്നും അറിയാതെ വന്നുപോയ വാക്കിന്റെ പേരിലാണ് ഇത്രയും വലിയ കുറ്റം തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ചോദ്യം ചെയ്യലിനുശേഷം ഐഷ സുല്‍ത്താന പറഞ്ഞു. രാജ്യത്തിനെതിരെ അല്ല മറിച്ച് പ്രഭുല്‍ ഖോഡ പട്ടേലിന്റെ കരിനിയമങ്ങള്‍ക്കെതിരെയാണ് ജൈവായുധ പ്രയോഗം നടത്തിയതെന്നും ഐഷ വ്യക്തമാക്കി.

ആദ്യം കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഐഷയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പ്രയോഗം നടത്തിയതിനെതിരെ ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. നേരത്തെ അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →