തൃശൂര്‍ : അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിന്റെ റേഷന്‍കാര്‍ഡുകള്‍ 2021 ജൂണ്‍ 30 നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി.അയ്യപ്പദാസ് അറിയിച്ചു. പിന്നീടുളള പരിശോധനയില്‍ അനര്‍ഹരായ വരുടെ കയ്യില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,പൊതുമേഖല,ബാങ്കിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ , സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നപടികള്‍ക്ക് ശുപാരശ ചെയ്യും. ഇത്തരം കാര്‍ഡുകള്‍ ആരെങ്കിലും കൈവശം വച്ചിട്ടുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാവുന്നതാണ്
കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കുംകൂടി പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍, ഒരേക്കറിലധികം ഭൂമി കൈവശമുണ്ടെങ്കില്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുളള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉണ്ടെങ്കില്‍, ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ നാലുചക്രവാഹനം സ്വന്തമായി ഉണ്ടെങ്കില്‍, ഇത്തരക്കാര്‍ ജൂണ്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മുമ്പാകെ കാര്‍ഡുകള്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക മാറ്റണം.

