തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും അവരുടെ വിവരങ്ങൾ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ (FIMS) ജൂലൈ 15 വരെ ഉൾപ്പെടുത്താൻ അവസരമുണ്ടായിരിക്കും. സംസ്ഥാനത്ത് 2,47,849 സജീവ മത്സ്യത്തൊഴിലാളികൾ മത്സ്യബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇരുപതിനായിരത്തോളം പേരുടെ വ്യക്തിഗത വിവരങ്ങൾ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ ലഭ്യമല്ല.
ഇത് സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്നത് സമയബന്ധിതവും സുതാര്യവുമായി ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നതിന് സഹായകരമാകും. എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷൻകാരും താമസിക്കുന്ന മത്സ്യഗ്രാമത്തിലെ മത്സ്യഭവൻ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഫിംസിൽ ഉൾപ്പെടുത്തണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.