ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കാൻ പൊലീസിനോട് ഡൽഹി ഹൈക്കോടതി. ജൂൺ 15നാണ് ഡൽഹി ഹൈക്കോടതി കേസിലെ പ്രതികളായ ദേവംഗന കലിത, നടാഷാ നർവാൾ, ആസിഫ് എന്നിവർക്ക് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം കിട്ടി ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇവർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
17/06/21 വ്യാഴാഴ്ച ഹർജി പരിഗണിച്ച ഹൈക്കോടതി തങ്ങളുടെ ഉത്തരവ് ഉടൻ പ്രാബ്യലത്തിലാക്കണമെന്ന് ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഉന്നയിക്കുന്ന സാങ്കേതിക വിഷയങ്ങൾ പരിഗണിക്കാനും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനും വിചാരണക്കോടതിക്ക് നിർദേശം നൽകി.
സമയം നീട്ടി നൽകണമെന്ന പൊലീസ് ആവശ്യം തള്ളിയ വിചാരണക്കോടതി മൂന്ന് പേരെയും ഉടൻ മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാർ ജയിൽ അധികൃതർക്ക് കൈമാറി.
പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് നിലപാട്. നേരത്തെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നത് വരെ പ്രതികളെ ജയിലിൽ വയ്ക്കാനുള്ള പൊലീസ് നീക്കമാണ് ഇതോടെ പാളിയത്.

