ആക്ടീവ് കേസുകള്‍ കൂടിയ വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണം

കണ്ണൂര്‍ : സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല് വിഭാഗമായി തിരിച്ചാണ് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എ വിഭാഗം: ടിപിആര്‍ എട്ടില്‍ കുറവ്. ബി വിഭാഗം: ടിപിആര്‍ എട്ടിനും 20 നും ഇടയില്‍. സി വിഭാഗം: 20നും 30 നും ഇടയില്‍. ഡി വിഭാഗം: 30ന് മുകളില്‍ എന്ന നിലയിലാണ് പ്രദേശങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ജില്ലയില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) എട്ടില്‍ കുറവുള്ള ( എ വിഭാഗം) തദ്ദേശസ്ഥാപന പരിധിയിലെ ഏതെങ്കിലും വാര്‍ഡില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ കൂടുതലാണെങ്കില്‍ ആ പ്രദേശത്തെ ബി വിഭാഗമായി കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി തദ്ദേശസ്ഥാപന വാര്‍ഡുകളുടെ പട്ടിക തയ്യാറാക്കും. ഇതനുസരിച്ച് പത്തില്‍ കൂടുതല്‍ കേസുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളില്‍ ബി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 9,17,38,39,42,43,45 എന്നിവയാണ് ഈ ഡിവിഷനുകള്‍. ഇവിടെ ജൂണ്‍ 23 വരെ നിയന്ത്രണമുണ്ടാവും.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോഴും ജാഗ്രത കൈവിടാതിരിക്കാനാണ് ഈ നടപടിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

 ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ ( എ വിഭാഗം) എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ഇവിടെ ജീവനക്കാര്‍ 50 ശതമാനം മാ്രതമായിരിക്കണം. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ (ബി വിഭാഗം) അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ജീവനക്കാര്‍ 50 ശതമാനം ആയിരിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →