കോഴിക്കോട്: അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി കുട്ടി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കൂന്നുകൂടിക്കിടക്കുന്ന ഡയപ്പര്‍ മാലിന്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് നശിപ്പിച്ചു കളയാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മാലിന്യനിര്‍മ്മാര്‍ജ്ജനം ഗ്രാമപഞ്ചായത്തിന്റെ നിര്‍ബന്ധിത ചുമതല ആയതിനാല്‍ കുട്ടിയുടെ വീട്ടില്‍ നിന്ന് മാലിന്യം സ്ഥിരമായി ശേഖരിച്ച് കൊണ്ടുപോകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം ബി.ബബിത ബല്‍രാജ് ഉത്തരവിട്ടു.
മൂന്നാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ വീഴ്ചയിലാണ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. മലമൂത്രവിസര്‍ജ്ജനം അറിയാനുളള ശേഷി നഷ്ടപ്പെട്ട കുട്ടി ദിവസവും അഞ്ചോ ആറോ ഡയപ്പറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ നശിപ്പിച്ചു കളയാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കുന്നുകൂടി മാലിന്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് കുന്ദമംഗലം സ്വദേശി തെക്കയില്‍ നൗഷാദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.