‘ബേപ്പൂര്‍ മലബാറിന്റെ കവാടം’ പദ്ധതിയുടെ കരട് രൂപരേഖ അവതരിപ്പിച്ചു
കോഴിക്കോട്: ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി ‘ബേപ്പൂര്‍ മലബാറിന്റെ കവാടം’ എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ തീരുമാനം. മണ്ഡലത്തിലെ എം.എൽ എ കൂടിയായ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സാധ്യമായ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷയം പഠിച്ച് അഭിപ്രായങ്ങളെല്ലാം ഉള്‍പ്പെടുത്തി സമയബന്ധിതമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. ബേപ്പൂര്‍ തുറമുഖം, ഹാര്‍ബര്‍, വിനോദ സഞ്ചാരം എന്നിവയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സോഷ്യല്‍ മീഡിയ വഴി അഭിപ്രായ സമാഹരണം നടത്തും. കാലതാമസം വരുത്താനെ തുടര്‍യോഗങ്ങള്‍ ചേര്‍ന്ന് അന്തിമ രൂപം തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര പ്രാധാന്യത്തോട് കൂടി വികസനപ്രവൃത്തികള്‍ക്ക് തുടക്കമിടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു.
‘ബേപ്പൂര്‍ മലബാറിന്റെ കവാടം’ പദ്ധതിയുടെ കരട് രൂപ രേഖ യോഗത്തിൽ അവതരിപ്പിച്ചു. 680 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. സംയോജിത വികസനത്തിനായി പദ്ധതിയെ തുറമുഖവും അനുബന്ധ വികസനവും, ഹാര്‍ബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസനത്തില്‍ തുറമുഖ വികസനം, ഡ്രെഡ്ജിംഗ്, സമുദ്ര പരിശീലന സ്ഥാപനം എന്നിവക്ക് ഊന്നൽ നൽകും. റോഡ് വീതികൂട്ടല്‍, റെയില്‍ കണക്റ്റിവിറ്റി, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.
ഹാര്‍ബർ അനുബന്ധ വികസനത്തില്‍ അന്താരാഷ്ട്ര ഫിഷിംഗ് ഹാര്‍ബര്‍, ഫിഷിംഗ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, കിന്‍ഫ്ര മറൈന്‍ ഫിഷറീസ് പാര്‍ക്ക്, ബോട്ട് നിര്‍മ്മാണ – റിപ്പയറിങ് സെന്റര്‍ തുടങ്ങിയ പദ്ധതികളുണ്ടാവും. ഉത്തരവാദിത്ത ടൂറിസം വികസന മേഖലയില്‍ ടൈല്‍ ഫാക്ടറികളെ ഉപയോഗപ്പെടുത്തിയുള്ള വികസനവും മാരിടൈം മ്യൂസിയവും ഉരു മ്യൂസിയവും, നദീതീരം കേന്ദ്രീകരിച്ച് ഹോംസ്റ്റേകള്‍, കാക്കത്തുരുത്ത് ദ്വീപ് ടൂറിസം, കണ്ടല്‍ ടൂറിസം, ചാലിയം ഭാഗത്തോട് ചേര്‍ന്ന് ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോ തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.
കമ്മ്യൂണിറ്റി വികസന പദ്ധതിയില്‍ കടല്‍ മണ്ണൊലിപ്പ് തടയാനുള്ള നടപടികള്‍, വീട് നിര്‍മാണം, ഫുട്‌ബോള്‍ സ്റ്റേഡിയം, പ്രാദേശിക കരകൗശവും നൈപുണ്യവും തുടങ്ങിയവ ലക്ഷ്യമിടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേര്‍സ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയത്. തുറമുഖവും ഹാര്‍ബറും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ എം.കെ രാഘവന്‍ എം.പി, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൃഷ്ണ കുമാരി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.