വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് അപകടകരം; മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ ആന്റണി ഫൗചി

ന്യൂഡല്‍ഹി: കൊവിഡിനെതിരായ വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ ആന്റണി ഫൗചി. വാക്‌സിന്‍ ഇടവേള കൂട്ടുന്നത് വഴി കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം 12/06/21 ശനിയാഴ്ച പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാക്‌സീന്‍ മാര്‍ഗനിര്‍ദേശം പുതുക്കിയതുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി നീട്ടിയതു വിവാദമായിരുന്നു.

ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിന് കാരണമാവും. യുകെയില്‍ അത് നമ്മള്‍ കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്നും ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ടത്തിലെ മുഖ്യ ആയുധം വാക്‌സിന്‍ ആണെന്നും ഡോ ഫൗചി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →