പുതിയ പടയൊരുക്കങ്ങൾക്ക് കളമൊരുങ്ങുന്നു ; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ;

മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് വലിയ മാനങ്ങൾ കൽപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ. പുതിയ പടയൊരുക്കങ്ങളുടെ സാധ്യത പ്രവചിക്കുകയാണ് രാഷ്​ട്രീയ കേന്ദ്രങ്ങൾ. വെളളിയാഴ്ച(11/06/21) പവാറിന്‍റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2024 ലെ ലോക്​സഭ തെരഞ്ഞെുടപ്പിന്​ മുന്നോടിയായി, പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ച്​ മോദിക്കെതിരായ പൊതുമുന്നേറ്റം ലക്ഷ്യം വെച്ചാണ്​ കുടിക്കാഴ്ചയെന്നാണ്​ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബംഗാളിൽ മമത ബാനർജി, തമിഴ്​നാട്ടിൽ എം.​കെ സ്റ്റാലിൻ എന്നിവരുടെ തെരഞ്ഞെടുപ്പ്​ ത​​ന്ത്രങ്ങൾക്ക്​ ചുക്കാൻ പിടിച്ച പ്രശാന്ത്​ കിഷോർ ഇരുവരുടെയും വിജയത്തിൽ നന്ദി പ്രകാശിപ്പിക്കാനാണ്​ ശരദ്​ പവാറിനെ കാണുന്നതെന്നാണ്​ ഔദ്യോഗിക വിശദീകരണം. ഇരുവർക്കും പിന്തുണ നൽകിയ മുഴുവൻ നേതാക്കളെയും തുടർ ദിവസങ്ങളിൽ പ്രശാന്ത്​ കിഷോർ കാണുന്നുമുണ്ട്​. എന്നാൽ, ഈ നീക്കം പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനാണെന്നാണ്​ സൂചന.

ബംഗാളിൽ ബി.ജെ.പിയുടെ ശക്​തമായ വെല്ലുവിളിയെ അതിജീവിച്ച്​ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെ ഉയർത്തികാട്ടി മോദിക്കെതിരായ പ്രചാരണം തുടങ്ങുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കൂടിയാണ്​ പ്രശാന്ത്​ നേതാക്കളെ കാണുന്നതെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകർ കരുതുന്നത്​. ബി​.ജെ.പിയുടെ ശക്​തമായ പ്രലോഭനങ്ങളിൽ പാർട്ടി ആടിയുലഞ്ഞ​ തെരഞ്ഞെടുപ്പ്​ കാലത്തിന്​ ശേഷം വിശ്വസ്​തരെ ഉൾപ്പെടുത്തി തൃണമൂൽ പുന:സംഘടിപ്പിച്ച മമത ബംഗാളിന്​ പുറത്തേക്ക്​ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ സൂചനകൾ നേരത്തെ നൽകിയിരുന്നു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മു​ന്നെ, യു.പിയിലടക്കം നടക്കുന്ന നിയമസഭ​ തെരഞ്ഞെടുപ്പുകളിൽ ബി​.ജെ.പി നയിക്കുന്ന മുന്നണിക്ക്​ തിരിച്ചടി ഉണ്ടായില്ലെങ്കിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പ്​ പ്രതിപക്ഷത്തിന്​ കടുത്തതാകും. ഇതുകൂടി മുന്നിൽ കണ്ടാണ്​ പ്രതിപക്ഷ നിര പുതിയ ഐക്യ സാധ്യത തേടുന്നത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →