തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് യുജിസി ചട്ടപ്രകാരം പ്രൊഫസര്‍ പദവി ഇല്ലാത്തതിനാല്‍ സത്യ പ്രതിജ്ഞക്ക് ആ പദവി ചേര്‍ത്ത് വിജ്ഞാപനം ഇറക്കിയത് സര്‍ക്കാര്‍ തിരുത്തി. ഡോ. ആര്‍ ബിന്ദുവെന്ന് തിരുത്തിയാണ് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അസാധാരണ ഗസറ്റ് വിജ്ഞാപനം ചെയ്‌തത്. അതേസമയം സത്യപ്രതിജഞാ ലംഘനമായതിനാല്‍ മന്ത്രി വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
ഡോക്ട്രേറ്റ് നേടിയിട്ടുളള ആര്‍ ബിന്ദു തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു.തെരഞ്ഞെടുപ്പിന് മുമ്പ് സ്വയം വിരമിച്ചു. സര്‍ക്കാര്‍,അണ്‍എയ്‌ഡഡ് ,എയ്‌ഡഡ് കോളേജുകളില്‍ പ്രൊഫസര്‍ തസ്‌തിക ഇല്ല .സര്‍വകലാശാല വകുപ്പുകളില്‍ മാത്രമാണ് പ്രൊഫസര്‍ തസ്‌തിക. അസി. പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുക. 8 വര്‍ഷത്തിന് ശേഷം അസോസിയേറ്റ് പ്രൊഫസറാകാം. ഹൈക്കോടതിയില്‍ കേസുകളുണ്ടായ സാഹചര്യത്തില്‍ 2018 ജൂലൈ 17ന് കോളേജുകളില്‍ പ്രൊഫസര്‍ തസ്‌തിക അനുവദിച്ച ഉത്തരവിറക്കിയെങ്കിലും ആര്‍ക്കും ഇതുവരെ അനുവദിച്ചിട്ടില്ല.