ബാലാവകാശ കമ്മീഷന്‍ ആദിവാസി കുടിയിലെത്തി പരാതികള്‍ കേട്ടു

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തില്‍ വനമേഖലയോട്‌ ചേര്‍ന്നുകിടക്കുന്ന ഗോവിന്ദപ്പാറ പട്ടിക വര്‍ഗ കോളനിയിലെത്തി ബാലാവകാശ കമ്മീഷന്‍ പരാതികള്‍ കേട്ടു. 2021 ജൂണ്‍ മാസം 9ന്‌ ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ കെ നസീര്‍, ബബിത ബല്‍രാജ്‌ എന്നിവര്‍ നേരിട്ടെത്തി പരാതികള്‍ കേട്ടത്‌. പണിയ വിഭാഗത്തില്‍ പെട്ട 18 ഉം കാട്ടുനായ്‌ക്ക വിഭാഗത്തിലെ ആറും കുടുംബങ്ങളാണ് ഗോവിന്ദപാറ കോളനിയിലുളളത്‌.

ആകെ 41 കുട്ടികള്‍ കോളനിയിലുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇവര്‍ക്ക് അന്യമാണ്‌. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ കമ്മീഷന്‍ കോളനി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്‌. നിലവില്‍ മെന്റര്‍ ടീച്ചറുടെ സഹായത്തോടെ പ്രദേശിക പഠന കേന്ദ്രത്തില്‍ എത്തിച്ചാണ്‌ കുട്ടികള്‍ക്ക്‌ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നത്‌ . ഇക്കാര്യം കമ്മീഷന്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വൈദ്യുതി, ,ഇന്‍റര്‍നെറ്റ്‌ സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കുമെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി.

കോളനിയില്‍ മാതാപിതാക്കള്‍ അപകടത്തില്‍ മരണപ്പെട്ട്‌ അനാഥരായ രണ്ട്‌ കുട്ടികളെ സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുന്നതിന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയോട്‌ ശുപാര്‍ശ ചെയ്യും. നിലവില്‍ ഈ കുട്ടികള്‍ മുത്തശിയോടൊപ്പമാണ്‌ കഴിയുന്നത്‌. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ആവശ്യമായെതെല്ലാം ചെയ്യുമെന്ന്‌ കമ്മീഷന്‍ അറിയിച്ചു.

ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു.സ്‌മിത, ഐടിഡിപി പ്രോജക്ട്‌ ഓഫീസര്‍ കെ.സി.ചെറിയാന്‍ ട്രൈബല്‍ കെ്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ്‌ ചെമ്പന്‍തൊടിക, ട്രൈബല്‍ പ്രമോട്ടര്‍മാരായ പിഒ അംബുജം, കെജി വിജിത തുടങ്ങിവര്‍ കമ്മീഷനെ അനുഗമിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →