ഇടുക്കി: ബാലവേല വിരുദ്ധ ദിനാചരണത്തിന് തുടക്കമായി

ഇടുക്കി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്- ശരണബാല്യം പദ്ധതിയും ചൈല്‍ഡ്ലൈന്‍ ഇടുക്കിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ബാലവേല വിരുദ്ധ ദിനാചരണത്തിന് തുടക്കമായി. ജൂണ്‍ 8 മുതല്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 വരെയാണ് ബാലവേലവിരുദ്ധ ദിനാചര ബോധവല്‍ക്കരണം സംഘടിപ്പിച്ചിട്ടുള്ളത്. ദിനാചരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചൈല്‍ഡ്ലൈന്‍ സ്റ്റേറ്റ് പ്രോഗ്രാം മേധാവി മനോജ് ജോസഫ് സ്വാഗതം ആശംസിക്കുകയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍  ഗീതാ എം.ജി കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടിയില്‍ പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അപര്‍ണ്ണ നാരായണന്‍ സംസ്ഥാനത്തെ ബാലാവകാശ പ്രവര്‍ത്തകര്‍ക്കും ജില്ലയിലെ സ്‌ക്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും, ആന്റീഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ലബ് അംഗങ്ങള്‍ക്കും, ചുമതലക്കാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ബാലവേല നിരോധന നിയമത്തെ പറ്റി ഓണ്‍ലൈന്‍ ബോധവത്ക്കരണം നല്‍കി. 

ബാലവേല നിരോധനനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കുന്നതിനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സംവിധാനങ്ങളെപ്പറ്റിയും വിശദീകരിച്ചു. ഇടുക്കി ജില്ലയെ ബാലവേല വിമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായാണ് ബാലവേല വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. ജൂണ്‍ 09 ന് ഇടുക്കി ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ മറ്റ് ജീവനക്കാര്‍ക്കും, ജൂണ്‍ 10 ന് ഇടുക്കി ജില്ലയിലെ എന്‍.എസ്.എസ് വാളന്റിയര്‍മാര്‍ക്കും വിവിധ കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും, ജൂണ്‍ 11 ന്  ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ ബാലവേലയുമായി ബന്ധപ്പെട്ട ചുമതലക്കാര്‍ക്കും, തോട്ടം തൊഴിലുടമകള്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, തൊഴിലാളി സംഘടന പ്രതിനിധികള്‍ക്കും, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്കും, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ക്കും വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 ന് സംസ്ഥാനതല കര്‍ത്തവ്യ വാഹകര്‍ക്കായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയോടുകൂടി ബാലവേലവിരുദ്ധ ബോധവല്‍ക്കരണത്തിന് സമാപനമാകും. 

ബാലവേല, ബാലഭിക്ഷാടന, തെരുവുബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശരണബാല്യം. പദ്ധതിയുടെ ഭാഗമായി ബാലവേല ബാലഭിക്ഷാടനം എന്നിവ തടയുന്നതിനായി ജില്ലാ തലത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കീഴില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറുടെ സേവനം ലഭ്യമാണ്. ബാലവേല, ബാലഭിക്ഷാടനം തെരുവില്‍ അലയുന്ന കുട്ടികള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്.

വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ഇടുക്കി
വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ
ഫോണ്‍- 04862 200108, റസ്‌ക്യു ഓഫീസര്‍ 9961570371
ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നം. – 1098

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →