കണ്ണൂർ: ചോദ്യങ്ങളോട് ജാഗ്രതയോടെ പ്രതികരിച്ച് നിയുക്ത കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പൂർണമായും നിറവേറ്റുമെന്ന് 08/06/21 ചൊവ്വാഴ്ച വൈകിട്ട് ആദ്യ പ്രതികരണമായി സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുധാകരൻ പ്രതികരിച്ചില്ല.
പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. പാർട്ടിയെ അധികാരത്തിൽ തിരികെയെത്തിക്കും. കാലോചിതമായ എല്ലാ തീരുമാനങ്ങളും ഉൾക്കൊള്ളുമെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ് യുവിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി.1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്.1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു. 1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്. 1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ പി സി സി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.
1984 മുതൽ 1991 വരെ കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡിസിസിയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.1991 മുതൽ 2001 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സിപിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കമിട്ടത് കെ സുധാകരൻ ഡിസിസി പ്രസിഡന്റായിരുന്ന വേളയിലാണ്. 1991-2001 കാലഘട്ടത്തിൽ യു.ഡി.എഫിന്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു. 2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.

