ന്യൂഡല്‍ഹി: എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാത്രം എങ്ങനെ വാക്സിനേഷന് പണം ഈടാക്കാന്‍ കഴിയുമെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കേന്ദ്രീകൃത വാക്സിനേഷന്‍ നയത്തെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയത്. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി കേന്ദ്രീകൃത വാക്സിന്‍ നയം പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്നും 75 ശതമാനം വാക്സിന്‍ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മാതാക്കളില്‍ നിന്നും 25 ശതമാനം വാക്സിന്‍ നേരിട്ട് വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വാക്സിന്റെ നിശ്ചിത വിലയേക്കാള്‍ 150 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

