ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളുടെ ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് സംഭാവന നല്‍കുന്നതിനും ഈ മേഖലയിലെ നിക്ഷേപവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ച് ഇന്ത്യയുടെ നിര്‍മ്മാണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2021 മാര്‍ച്ച് 3 ന് നമ്പര്‍ 31026/60 / 2020പോളിസി-ഡോപ് വഴി ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ‘ഫാര്‍മസ്യൂട്ടിക്കല്‍സിന് വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (പി.എല്‍.ഐ) വിജ്ഞാപനം ചെയ്തിരുന്നു. അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് അളവിലും വലിപ്പത്തിലും വളരാനും അതിലൂടെ ആഗോള മൂല്യ ശൃംഖലകളില്‍ തുളച്ചുകയറാനും ശേഷിയുള്ള ഇന്ത്യയില്‍ നിന്ന് ആഗോളമേധാവികളെ സൃഷ്ടിക്കുന്നതിന്‌വിഭാവനം ചെയ്യുന്നതാണ് ഈ പദ്ധതി. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവുമായും സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി നടത്തിയ നിരന്തരമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍, പദ്ധതിയുടെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ജൂണ്‍ 1 ന് പുറത്തിറക്കി. വ്യവസായരംഗത്തുനിന്നുള്ള അപേക്ഷകള്‍ക്കായി ഈ പദ്ധതി ഇപ്പോള്‍ തയാറായിരിക്കുകയാണ് .
അപേക്ഷകരുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ആഗോള ഉല്‍പ്പാദന വരുമാനത്തെ അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ(എം.എസ.്എം.ഇ) പ്രത്യേമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്
പദ്ധതിയുടെ പ്രോജക്ട് മാനേജുമെന്റ് ഏജന്‍സിയായ സിഡ്ബി(ചെറുകിട വ്യവസായ വികസന ബാങ്ക്) പരിപാലിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് എല്ലാ അപേക്ഷകളും സമര്‍പ്പിക്കേണ്ടത്. അപേക്ഷകളെല്ലാം https://plipharma.udyamimitra.in. എന്ന ഓണ്‍ലൈന്‍ ÿപോര്‍ട്ടലിലൂടെ നല്‍കാം. 2021 ജൂണ്‍ 2 മുതല്‍ 2021 ജൂലൈ 31 വരെ 60 ദിവസമായിരിക്കും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഈ അപേക്ഷ സമര്‍പ്പിക്കാനുള്ള വാതായനങ്ങള്‍ (അപ്ലിക്കേഷന്‍ വിന്‍ഡോ) തുറന്നിരിക്കുക.
യോഗ്യതയുള്ള ഉല്‍പ്പന്നങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഫോര്‍മുലേഷനുകള്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, കീ-സ്റ്റാര്‍ട്ടിംഗ് വസ്തുക്കള്‍, മയക്കുമരുന്ന് ഇടനിലവസ്തുക്കള്‍ (ഡ്രഗ് ഇന്റര്‍മീഡിയേറ്റ്‌സ്), ഇന്‍-വിട്രോ രോഗനിര്‍ണ്ണയ (ഡയഗ്‌നോസ്റ്റിക്ക്) മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍. വില്‍പ്പനയുടെ വര്‍ദ്ധനവിനനുസരിച്ച് വിഭാഗം(കാറ്റഗറി) -1, വിഭാഗം -2 ഉല്‍പ്പന്നങ്ങള്‍ക്ക് 10% പ്രോത്സാഹനവും വിഭാഗം-3 ഉല്‍പ്പന്നങ്ങള്‍ 5% പ്രോത്സാഹനസഹായവുമാണ് ലഭിക്കുക. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ആ ഉല്‍പ്പന്നത്തിനുണ്ടായ വില്‍പ്പനയെക്കാള്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ ആ ഉല്‍പ്പന്നത്തിന് വില്‍പ്പനയുണ്ടാകണമെന്നാണ് വര്‍ദ്ധിച്ച വില്‍പ്പനകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍, പദ്ധതിക്ക് കീഴില്‍ പരമാവധി 55 അപേക്ഷകരെ തിരഞ്ഞെടുക്കും. ഒരൊറ്റ അപേക്ഷയിലൂടെ, ഒരു അപേക്ഷകന്, ഒന്നില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കാം. ഒരു അപേക്ഷകന്‍ അപേക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഈ മൂന്ന് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ അപേക്ഷകന്‍ 5 വര്‍ഷകാലയളവില്‍ നിക്ഷേപത്തില്‍ മിനിമം വര്‍ദ്ധന നേടിയിരിക്കേണ്ടത് ആവശ്യമാണ്. പുതിയ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, അനുബന്ധ അവശ്യവസ്തുക്കള്‍, ഗവേഷണവും വികസനവും, സാങ്കേതികവിദ്യാ കൈമാറ്റം, ഉല്‍പ്പന്ന രജിസ്‌ട്രേഷന്‍, പ്ലാന്റും യന്ത്രങ്ങളും സ്ഥാപിക്കുന്നതിന് എവിടെയോണോ കെട്ടിടമുണ്ടാക്കുന്നത് അതിനുള്ള ചെലവ് എന്നിവയ്ക്ക് കീഴിലായിരിക്കാം നിക്ഷേപം. 2020 ഏപ്രില്‍ 01-നോ അതിനുശേഷമോ നടത്തിയ നിക്ഷേപത്തെ പദ്ധതിക്ക് കീഴിലുള്ള യോഗ്യമായ നിക്ഷേപമായി കണക്കാക്കും.
അതിനുശേഷം, തെരഞ്ഞെടുക്കപ്പെടുന്ന നിര്‍മ്മാതാക്കള്‍ക്ക് 6 വര്‍ഷത്തേക്ക് ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച വില്‍പ്പനയെ അടിസ്ഥാനമാക്കി ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. തെരഞ്ഞെടുത്ത പങ്കാളിയ്ക്ക് പദ്ധതിയുടെ കാലയളവില്‍ അവരുടെ ഗ്രൂപ്പിനെ ആശ്രയിച്ച് യഥാക്രമം 1000 കോടി, 250 കോടി, 50 കോടി രൂപ എന്നിങ്ങനെയുള്ള പ്രോത്സാഹന ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രകടനത്തെ അടിസ്ഥാനമാക്കി അധിക ആനുകൂല്യങ്ങള്‍ ലഭ്യമാകുമെങ്കിലും അവ ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. പദ്ധതിയുടെ കാലയളവില്‍ ഒരു കാരണവശാലും, അധിക പ്രോത്സാഹന സഹായം ഉള്‍പ്പെടെയുള്ള മൊത്തം പ്രോത്സാഹന ആനുകൂല്യങ്ങള്‍, പങ്കാളികളായ മൂന്ന് ഗ്രൂപ്പുകളിലുള്ളവര്‍ക്കും യഥാക്രമം 1200 കോടി രൂപ, 300 കോടി രൂപ, 60 കോടി രൂപ എന്നിവയില്‍ ഒരുകാരണവശാലും അധികരിക്കില്ല.
ഗവണ്‍മെന്റിന്റെ മറ്റ് ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (പി.എല്‍.ഐ )കള്‍ക്കൊപ്പം ഈ പദ്ധതിയുടെയും സുഗമമായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിന് സെക്രട്ടറിമാരുടെ ഒരു ഉന്നതാധികാര സംഘം കൃത്യമായ സമയങ്ങളില്‍ അവലോകനങ്ങള്‍ നടത്തും. ഒരു സാങ്കേതിക സമിതി പദ്ധതി നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന എല്ലാ സാങ്കേതിക പ്രശ്‌നങ്ങളിലും വകുപ്പിനെ സഹായിക്കും. ഈ പദ്ധതിക്കായി തെരഞ്ഞെടുത്ത പ്രോജക്ട് മാനേജുമെന്റ് ഏജന്‍സിയായ ചെറുകിട വ്യവസായ വികസന ബാങ്കാ(സിഡ്ബി) ണ് ഇത് നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുന്നത്. കൂടാതെ ഓണ്‍ലൈന്‍ അപേക്ഷകള്‍, അപേക്ഷകരുടെ തെരഞ്ഞെടുപ്പ്, നിക്ഷേപത്തിന്റെ പരിശോധന, വില്‍പ്പനയുടെ പരിശോധന, പ്രോത്സാഹന ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും വ്യവസായമേഖലയുമായി പരസ്പരം ബന്ധിപ്പിക്കുന്നതും അവരായിരിക്കും.
ഫാര്‍മസ്യൂട്ടിക്കല്‍, ഇന്‍-വിട്രോ രോഗനിര്‍ണ്ണയ വ്യവസായമേഖലകള്‍ ഈ പദ്ധതിയില്‍ സജീവമായി പങ്കാളികളാകുമെന്നും ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.