കാസർഗോഡ്: പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കിഡ്സ് (കാസർഗോഡ്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി. പട്ടികജാതി, പട്ടികവർഗ, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ സേവനം ലഭ്യമാകുക. രോഗികളുടെ ഡാറ്റ ബാങ്ക് തയ്യാറാകുന്ന മുറക്ക് എ.പി.എൽ വിഭാഗത്തിലെ അർഹരായവർക്കും സേവനം പ്രയോജനപ്പെടുത്താം. ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവും അറിയിച്ചു.
കോവിഡ് ഒന്നാം തരംഗത്തിൽ അതിർത്തികൾ അടച്ചപ്പോൾ മംഗലാപുരത്തെ ആശുപത്രികളിൽ ഡയാലിസിസിനെത്താൻ കഴിയാതെ രോഗികൾ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് ജില്ലയിലെ വൃക്കരോഗികളുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിച്ചത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 24 ഡയാലിസിസ് മെഷീനുകൾ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതു വഴി ഒരു ദിവസം 72 രോഗികൾക്ക് മാത്രമേ സേവനം ലഭ്യമാക്കാൻ സാധിച്ചിരുന്നുള്ളൂ. ജില്ലയിൽ 673 വൃക്കരോഗികൾ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും ഡയാലിസിസ് ചെയ്യുന്നത് മംഗലാപുരത്ത് നിന്നാണ്. രോഗികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുകയാണ് കിഡ്സ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കൈകോർത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാതല അപെക്സ് ഡയാലിസിസ് സൊസൈറ്റിക്ക് രൂപം നൽകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ് സൊസൈറ്റി സെക്രട്ടറി. ജില്ലാ കളക്ടർ ഉൾപ്പെടെ രക്ഷാധികാരികളായിരിക്കും. ജില്ലയിൽ ആറ് ബ്ലോക്കുകളിലും ബ്ലോക്ക് തല ഡയാലിസിസ് സൊസൈറ്റിയും രൂപീകരിക്കും. ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഡയാലിസിസ് ഉപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യക്കാർക്ക് സാന്ത്വന പരിചരണം ഉൾപ്പെടെ ഉറപ്പുവരുത്താനാണ് ഈ തുക ഉപയോഗിക്കുക.
ഡയാലിസിസ് സംബന്ധമായ എല്ലാ ചിലവുകളും അതാത് സൊസൈറ്റികൾ വഹിക്കും. ഒരു ഡയാലിസിസിന് 750 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇത് പ്രകാരം ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ 250 രൂപ വീതം വിഹിതമായി നൽകും. ജില്ലയിലെ 673 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കാൻ പ്രതിവർഷം 5.88 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് 1.96 കോടി രൂപയും ആറ് ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് 1.96 കോടി രൂപയും ബാക്കി വരുന്ന തുക ജില്ലാ പഞ്ചായത്തും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
രോഗികളുടെ യാത്രാ ദുരിതം കുറക്കുന്നതിന് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഡയാലിസിസ് സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാം. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട ഏഴ് ആരോഗ്യ കേന്ദ്രങ്ങളിലെത്തി വൃക്കരോഗികൾക്ക് കൃത്യ സമയത്ത് ഡയാലിസിസ് ഉറപ്പുവരുത്താൻ സാധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ആണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പഞ്ചായത്ത്, നഗരസഭാ വാർഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തടെ സമർപ്പിക്കണം. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പിബി രാജീവ്, ഡി എം ഒ (ആരോഗ്യം) ഡോ. കെ ആർ രാജൻ, എ ഡി എം അതുൽ സ്വാമിനാഥ്, ജില്ലാ സർവലെൻസ് ഓഫീസർ ഡോ. എ.ടി മനോജ്, സി പിസി ആർ എ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തമ്പാൻ എന്നിവർ പങ്കെടുത്തു.