പത്തനംതിട്ട: കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.പ്രസാദ്

പത്തനംതിട്ട: കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ലയിലെ പന്തളം കടയ്ക്കാട് കൃഷി ഫാം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതു സമൂഹം കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്ന ഈ കോവിഡ് കാലഘട്ടത്തില്‍ മണ്ണിനോടും കൃഷിയോടും അകലം പാലിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കര്‍ഷകന് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വിലനല്‍കി മുന്നോട്ടുപോകാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. കര്‍ഷകന് അന്തസായ ജീവിതം നയിക്കാനും വരുമാനത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടാക്കാനും കഴിയുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. കൃഷി നഷ്ടം ഉണ്ടാകുന്ന അവസ്ഥകളില്‍ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ നിരവധിയായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്.  ഇത്തരം പദ്ധതികള്‍ വിപുലീകരിച്ച് തുടര്‍ച്ചയുണ്ടാക്കുന്ന നടപടികള്‍ ഈ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മാന്യമായ വിലനല്‍കി തിരിച്ചെടുക്കുക, സംസ്‌ക്കരിക്കുക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുക എന്നിവയിലൂടെ കൃഷിക്കാരനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തും. കര്‍ഷകരേയും കൃഷിയിടങ്ങളെയും സംരക്ഷിക്കാന്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ ആവിഷികരിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം മിത്തല്ല യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.  

മുടിയൂര്‍ക്കോണം എം.ടി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ്, മഴമൂലം നശിച്ച കരിങ്ങാലി പുഞ്ച പ്രദേശം എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഡി ഷീല, ജില്ലാ കൃഷി ഓഫീസര്‍ അനിലാ മാത്യു, പന്തളം കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍  തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →