കാസർഗോഡ്: കൊതുകിനെ തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ടുമായി ദേലമ്പാടി പഞ്ചായത്ത്

കാസർഗോഡ്: കോവിഡിനൊപ്പം ഡെങ്കിപ്പനിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊതുകിനെ തുരത്താന്‍ പഞ്ചായത്തും മാഷ് അധ്യാപകരും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ മോസ് ഹണ്ടിന് ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം. ഡ്രൈ ഡേ ആചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് പ്രസിഡന്റ് അഡ്വ. എ.പി.ഉഷ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍, മാഷ് അധ്യാപകര്‍, ആര്‍.ആര്‍.ടി. വളന്റിയര്‍മാര്‍ സംബന്ധിച്ചു. ദേലമ്പാടി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളും അവരുടെ വീടുകളിലും പരിസരത്തും രക്ഷിതാക്കളുടെ സഹായത്തോടെ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന മാസ് ഡ്രൈ ഡേ ആചരണമാണ് ഓപ്പറേഷന്‍ മോസ് ഹണ്ട്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സജീവമായ ക്ലാസ്സ്തല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് അധ്യാപകര്‍ കൊതുക് നശീകരണത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് സ്‌കൂളുകളിലെ കുട്ടികളും പ്രധാനാധ്യാപകരും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി. സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ്, ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ഷെയര്‍ചെയ്യപ്പെടാനുള്ള അവസരം നല്‍കി. സെല്‍ഫി ഫോട്ടോമത്സരം കൂടി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ മെമ്പര്‍മാരും മാഷ് അധ്യാപകരും ജനജാഗ്രതാ സമിതികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →