ആലപ്പുഴ: കോവിഡ് വ്യാപനത്തിനിടെ മഴകൂടി വരുന്നതോടെ മറ്റ് രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത കൂടി വേണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. 5 മിനിട്ടെങ്കിലും നന്നായി വെട്ടി തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, തിളപ്പിച്ച വെളളം പച്ചവെളളവുമായി കൂട്ടിക്കലർത്തി കുടിക്കരുത്, ഭക്ഷണപാനീയങ്ങൾ ഈച്ച തൊടാത്ത വിധം അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക, പഴകിയ ഭക്ഷണം കഴിക്കരുത്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയവ നിർമ്മിക്കുന്നതിന് തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ച വെളളം ഉപയോഗിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്, സുരക്ഷിതമായി സംസ്‌ക്കരിക്കുക, കിണറുകൾ, കുടിവെളള സ്രോതസ്സുകൾ ഇവ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുക, ടാങ്ക് പോലെയുളള വീടുകളിലെ ജലസംഭരണികൾ ഉരച്ചു കഴുകി വൃത്തിയാക്കുക, കുടിവെളളം സൂക്ഷിക്കുന്ന പാത്രങ്ങൾ കൊതുകു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക, ആഴ്ചയിലൊരിക്കൽ ഉൾവശവും വക്കുകളും തേച്ചുരച്ചു കഴുകിയ ശേഷം മാത്രം വെളളം ശേഖരിക്കുക, സെപ്റ്റിക് ടാങ്കിൽ നിന്നും ചോർച്ചയിലൂടെ മലിനജലം കുടിവെളള സ്രോതസ്സിൽ എത്തുന്നില്ലെന്ന് ഉറപ്പിക്കുക, ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, ശൗചാലയം ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മലമൂത്ര വിസർജ്ജനം ശൗചാലയങ്ങളിൽ മാത്രം നടത്തുക.
കുഞ്ഞുങ്ങളുടെ വിസർജ്യം ശൗചാലയത്തിൽ നിർമ്മാർജ്ജനം ചെയ്യുക. ഡയപ്പറുകൾ വലിച്ചെറിയാതെ കുഴുച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക, വെളളം കെട്ടിക്കിടക്കാനിടയുളള കുപ്പി, പാട്ട, ചിരട്ട, മുട്ടത്തോട് എന്നിവ വലിച്ചെറിയരുത്. കൊതുക് മുട്ടയിട്ടു പെരുകാനിടയുളള സാഹചര്യങ്ങൾ ഒഴിവാക്കുക, ചെടിച്ചട്ടി, സൺഷേഡ്, റഫ്രിജറേറ്ററിന്റെ പിന്നിലെ ട്രേ എന്നിവയിലെ വെളളം ഒഴുക്കിക്കളയുക, കുട്ടികളെ വെളളം കെട്ടികിടക്കുന്നയിടങ്ങളിൽ കളിക്കാൻ അനുവദിക്കരുത്, മലിനജലത്തിൽ ഇറങ്ങരുത്, അഥവാ ഇറങ്ങിയാൽ സോപ്പുപയോഗിച്ച് കാലുകൾ നന്നായി കഴുകുക, കാലിൽ മുറിവുളളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കണം, ജലവുമായി നിരന്തര സമ്പർക്കത്തിലുളള ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് കഴിക്കുക, പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും ഉറപ്പു വരുത്തുക എന്നിവ പ്രത്യേക ശ്രദ്ധവേണ്ട കാര്യങ്ങളാണ്. ദേഹവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും മാരകമായേക്കാം, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങുന്നത് അപകടമുണ്ടാക്കും.

