പത്തനംതിട്ട: ലോക്ക്ഡൗണിലും ആശ്വാസമേകി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. വിശപ്പ്‌രഹിത കേരളമെന്ന ആശയത്തോടെ  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 52 തദ്ദേശ സ്ഥാപനങ്ങളിലായി 52 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്. 

മേയ് 8 മുതല്‍  ആരംഭിച്ച ലോക്ക്ഡൗണിന് ശേഷം ജനകീയ ഹോട്ടലുകള്‍ 57,407 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. അതില്‍ 90 ശതമാനവും നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി. 3087 പൊതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിതരണം ചെയ്തു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി നേരിട്ടും സന്നദ്ധസേവകര്‍ വഴിയും ജനപ്രതിനിധികള്‍ വഴിയുമാണ് ഭക്ഷണ വിതരണം. 

കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്കും (ഡി.സി.സി) ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിച്ചു വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളില്‍ ഊണിന് 20 രൂപയും പാഴ്‌സലിന് 25 രൂപയുമാണ് ഈടാക്കുന്നത്. 10 രൂപാ സബ്‌സിഡി കുടുംബശ്രീ ജില്ലാ മിഷന്‍ വഴി വിതരണം ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →