ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ഫലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രയേൽ ഗണ്യമായ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഫലസീതിനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രയേല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്.
വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.