കൊച്ചി: മുറിക്കുളളിലെ കോവിഡ് വൈറസുകളെ നശിപ്പിക്കുന്ന വൂള്‍ഫ് എയര്‍മാസ്‌ക്ക് ഉപകരണത്തിന് 30 രാജ്യങ്ങളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചു. കൊച്ചിയിലെ ഓള്‍ എബൗട്ട് ഇന്നവേഷന്‍സ് എന്ന സറ്റാര്‍ട്ട്‌പ്പാണ് ഈ ഉപകരണം വികസിപ്പിച്ചത്. അന്തരീക്ഷ വായുവിലെ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന വൂള്‍ഫ് എയര്‍ മാസ്‌ക് പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കകം 99.9 ശതമാനം കോവിഡ് വൈറസുകളെ നശിപ്പിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വായുശുചീകരണ ഉപകരണമാണ് വൂള്‍ഫ് എയര്‍ മാസ്‌ക്. മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്‌റ്റാറ്റിക്ക് ഊര്‍ജം പ്രസരിപ്പിച്ച് ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇറക്കുമതി ചെയ്‌ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിര്‍മ്മാണം. ഒമ്പത് വര്‍ഷം വരെ ഇത് ഉപയോഗിക്കാം. 29,500 രൂപയാണ് വില. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന് കമ്പനിയില്‍ പങ്കാളിത്തമുണ്ട്.

