തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃതലത്തിൽ അഴിച്ചു പണിക്ക് കോൺഗ്രസ് ഹൈക്കമാന്റ് ഒരുങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ എന്നീ പദവികളിലെല്ലാം മാറ്റം വേണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും എം.പി, എം.എൽ.എമാരും ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്ന മെയ് 20 നു തന്നെ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.
വി.ഡി. സതീശൻ എം.എൽ.എയെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ രമേശ് ചെന്നിത്തലയെ തന്നെ നിലനിർത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിലവിലത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ. സുധാകരൻ എം.പിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.
പി.ടി. തോമസ് എം.എൽ.എയെയാണ് യു.ഡി.എഫ് കൺവീനർ പദവിയിലേക്ക് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നിരീക്ഷകർ ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്.