തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈജലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കഴിഞ്ഞ മന്ത്രി സഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നെങ്കിലും കെകെ ശൈലജയെപോലെ സാധാരണക്കാരായ മലയാളികള്‍ ഇത്രയധികം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ലെന്ന് സച്ചിദാനന്ദന്‍ 19/05/21 ബുധനാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രായം ലിംഗം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം നീതി എന്നൊന്നുണ്ടെന്നും ജനവികാരത്തെ അവഗണിക്കുന്നതില്‍ ജനാധിപത്യ വിരുദ്ധതതയും അധാര്‍മ്മികതയുണ്ട്. അത് ഒരു നല്ല തുടക്കമല്ലെന്നും തിരുത്താന്‍ സമയമുണ്ടെന്നും സച്ചിദാനനന്ദന്‍ പറഞ്ഞു.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,
‘ശൈലജ ടീച്ചറെ പുതിയ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തതിന് ന്യായീകരണങ്ങള്‍ കണ്ടു. ഒന്നും എനിക്ക് ബോധ്യമായില്ല. ബംഗാളിലെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ പുതുമുഖങ്ങള്‍ക്ക് വിശേഷിച്ചും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കിയതിനെ അംഗീകരിക്കുന്നു. അവരെ അഭിനന്ദിക്കുന്നു. പ്രായം ലിംഗം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം നീതി എന്നൊന്നുണ്ട്. ജനങ്ങള്‍ കക്ഷി ഭേദമന്യേ അംഗീകരിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രവര്‍ത്തന ശൈലി, മഹാമാരികളുടെ കാലത്ത് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം, മുന്നണി വിജയത്തിന് അവര്‍ നല്‍കിയ അനിഷേദ്ധ്യമായ സംഭാവന, നേടിയ വന്‍ ഭൂരിപക്ഷം ഇതെല്ലാം അവഗണിക്കുന്നതില്‍ ഒരു ജനാധിപത്യ വിരുദ്ധതയും അധാര്‍മ്മികതയുമുണ്ട്. അത് ഒരു നല്ല തുടക്കമല്ല. ഇനിയും സമയമുണ്ട്. സ്പീക്കര്‍ പദവി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പദവി ഇങ്ങിനെ. ആരും സംശയിക്കേണ്ടാ, കഴിഞ്ഞ മന്ത്രിസഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നു. പക്ഷെ സാധാരണ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ല. ഇതൊരു വൈകാരിക പ്രതികരണമായിരിക്കാം. എന്റെ പ്രതികരണങ്ങളിലെല്ലാം വികാരത്തിന്റെ അംശമുണ്ട്. ഫലസ്തീനായാലും സെന്‍ട്രല്‍ വിസ്ത ആയാലും. അതുകൊണ്ട് കൂടിയാണല്ലോ ഞാന്‍ കവിയും മനുഷ്യനുമായത്’