ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഭാരത് ബയോടെക്. രണ്ടു മുതല്‍ 18 വയസുവരെയുളള കുട്ടികളില്‍ അടുത്ത 10 മുതല്‍ 12 ദിവസത്തിനുളളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. പരീക്ഷണങ്ങള്‍ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷങ്ങള്‍ക്ക് മെയ് പതിനൊന്നിനാണ് അനുമതി ലഭിച്ചത്. വിവിധ ആശുപത്രികളിലായി 525 പേര്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രായക്കാരില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നതിലുള്ള സുരക്ഷിതത്വം, സ്വീകരിച്ച ശേഷമുള്ള ശരീരത്തിന്റെ പ്രതികരണം, പ്രതിരോധശേഷി എന്നിവ സംബന്ധിച്ച് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഓ) കൊവിഡ് വിഷയ വിദഗ്ധ സമിതി(എസ്ഇസി) ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി ആശയവിനിമയം നടത്തിയിരുന്നു.
കുട്ടികളില്‍ കൊവാക്‌സിന്‍: ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും
