ഇടുക്കി: കനത്ത കാറ്റും മഴയും; തൊടുപുഴയില്‍ 61 വീടുകള്‍ക്ക് നാശനഷ്ടം ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ 13 വില്ലേജുകളിലായി 60 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. അറക്കുളത്ത് മൂന്ന് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കാറ്റത്ത് മേല്‍ക്കൂര പറന്ന് പോയും മരങ്ങള്‍ വീണുമാണ് ഭൂരിഭാഗം വീടുകള്‍ക്കും നാശനഷ്ടമുണ്ടായത്. ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായ വീടുകളില്‍ നിന്നുള്ളവര്‍ സമീപത്തെ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും താല്‍ക്കാലികമായി മാറി താമസിച്ചു. താലൂക്ക് – വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു.
ഭാഗികമായി തകര്‍ന്ന വീട് അപകട ഭീഷണിയിലായതിനാല്‍ അറക്കുളം വില്ലേജിലെ മൂലമറ്റം പുരപ്പലങ്ങാട്ട്  ജോസഫ്, ഭാര്യ ഏലിയാമ്മ, മകന്‍ ജോബിന്‍ ജോസഫ് എന്നിവരെയാണ് മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

നാശനഷ്ടം സംഭവിച്ച വീടുകളുടെ എണ്ണം വില്ലേജുകള്‍ തിരിച്ച് :- അറക്കുളം – 4, കുടയത്തൂര്‍ – 3, മുട്ടം – 2, കരിങ്കുന്നം – 2, പുറപ്പുഴ – 2, മണക്കാട് – 1, കുമാരമംഗലം – 1, വണ്ണപ്പുറം – 6, കരിമണ്ണൂര്‍ – 1, ഉടുമ്പന്നൂര്‍ – 9, ആലക്കോട് – 13, കാരിക്കോട് – 4, വെള്ളിയാമറ്റം – 13.

Share
അഭിപ്രായം എഴുതാം