കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലിൽ കുടുങ്ങിയിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തിരച്ചിലിന് കോസ്റ്റ് ഗാർഡിന്റെ സഹായം തേടി.
മെയ് അഞ്ചിനാണ് കാണാതായ ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ്’ ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല എന്നാണ് 16/05/21 ഞായറാഴ്ച രാവിലെ പുറത്തു വരുന്ന വിവരം.
ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. കോസ്റ്റ് ഗാർഡ് ബോട്ടിനായി ഉടൻ തെരച്ചിൽ തുടങ്ങും.
കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായിരുന്നു. ആണ്ടവർ തുണൈ എന്ന ബോട്ടാണ് 15/05/21 ശനിയാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപെട്ടത്. ഏപ്രിൽ 29ന് കൊച്ചിയിലെ വൈപ്പിൻ ഹാർബറിൽനിന്ന് പുറപ്പെട്ടതാണ്. ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യക്കാരുമാണ്.

