അത്യാവശ്യമുള്ളവരുമായി കോവിഡ് വാക്സിനുകൾ ഉദാരമായി പങ്കിടാൻ ശ്രീ പീയൂഷ് ഗോയൽ ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ചു

വാണിജ്യവും നിക്ഷേപവുമായി ബന്ധപ്പെട്ട് സന്തുലിതവും, ഇരുപക്ഷത്തിനും പ്രയോജനപ്രദവുമായ കരാറുകളിലേർപ്പെടുന്നതിലാണ് ഇന്ത്യക്ക് കൂടുതൽ താത്പര്യമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന വാണിജ്യ, നിക്ഷേപ ചർച്ചകളും സാധ്യതകളുമാണ് ഇന്ത്യ ഉറ്റു നോക്കുന്നതെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ട്രേഡ് ഔട്ട്‌ലുക്ക് സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കോവിഡ്-19 മഹാമാരിയെ പരാമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. വിലയേറിയ ജീവനുകൾ രക്ഷിക്കാൻ പിന്തുണ ആവശ്യമായ രാജ്യങ്ങളിലേക്ക് അടിയന്തിരമായി കോവിഡ് അനുബന്ധ ആരോഗ്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ രാജ്യങ്ങൾ സൗകര്യമൊരുക്കണമെന്ന് ശ്രീ ഗോയൽ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ ഇന്ത്യക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. വാക്‌സിനുകളുടെ കാര്യത്തിൽ ഉദാരമായ പങ്കിടൽ കൂടുതൽ പ്രസക്തമാണെന്ന് ശ്രീ ഗോയൽ പറഞ്ഞു. ആവശ്യമുള്ളവരുമായി കോവിഡ് വാക്സിനുകൾ ഉദാരമായി പങ്കിടുന്നതിന് വേണ്ട ആഗോള ഐക്യദാർഢ്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ പ്രതിസന്ധിയെ അതിവേഗം അതിജീവിക്കാൻ, ട്രിപ്സ് കരാറിലെ ഇളവുകൾ അംഗീകരിക്കുന്നത് മാത്രം പോരെന്നും, സമവായ ശ്രമങ്ങളും, സാങ്കേതികവിദ്യാ കൈമാറ്റവും, അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കലും അനിവാര്യമാണെന്നും ശ്രീ ഗോയൽ പറഞ്ഞു. കോവിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ മരുന്നുകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലും ശ്രദ്ധയൂന്നണം. ഈ നിർണ്ണായക ഘട്ടത്തിൽ വാക്സിനുകളുടെ മെച്ചപ്പെട്ട ഉത്പാദനം, വിതരണം എന്നിവയിലൂടെ അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പിന്തുണയ്ക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →