ആലപ്പുഴ: കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ റംസാനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ വിൽപ്പനയ്ക്ക് മാർഗനിർദേശങ്ങളായി. മാംസവിഭവങ്ങൾ ഡോർ ഡെലിവറിക്ക് നിർദേശം. കടയ്ക്കു മുമ്പിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണം. കച്ചവടക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്സാഹിപ്പിക്കണം.
കച്ചവടക്കാരുടെ പട്ടികയും ഫോൺ നമ്പരുകളും തദ്ദേശസ്വയംഭരണസ്ഥാപന ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം. റംസാന്റെ തലേദിവസം രാത്രിമുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം. കച്ചവടക്കാരുടെ പട്ടിക പൊലീസിന് നൽകണം. മാംസം ഡോർ ഡെലിവറി ചെയ്യുന്നതിന് തയാറായ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്താം. ഇവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന പട്ടിക പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറി/ആരോഗ്യ ഉദ്യോഗസ്ഥൻ വിതരണം ചെയ്യണമെന്നും തദ്ദേശസ്വയംഭരണവകുപ്പിന്റെ സർക്കുലറിൽ പറയുന്നു.