തിരുവനന്തപുരം: കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. ‘മുൻ മന്ത്രിയും കേരളത്തിലെ മുതിർന്ന രാഷ്ട്രീയനേതാവുമായ കെ ആർ ഗൗരിയമ്മയുടെ നിര്യാണം ദു:ഖകരമാണ്. അസാമാന്യമായ ധൈര്യവും ആരെയും പ്രചോദിപ്പിക്കുന്ന നേതൃപാടവവും കൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ പ്രതീകമായ നേതാവാണ് ഗൗരിയമ്മ. സാമൂഹിക നീതി ഉറപ്പാക്കാൻ വേണ്ടി ഗൗരിയമ്മ നടത്തിയ പോരാട്ടങ്ങളും മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്ത് ഭൂ പരിഷ്‌കരണത്തിനും വ്യാവസായിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും കേരള ജനത എന്നും നന്ദിയോടെ സ്മരിക്കും. ഗൗരി അമ്മയുടെ ആത്മാവിന് മുക്തിനേരുന്നു’ – ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.