ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ. പൂർണ ഔദ്യോഗിക ബഹുമതികളോടെ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ 11/05/21ചൊവ്വാഴ്ച സംസ്കരിച്ചു. ടി.വി. തോമസിന്റെ ശവകുടീരത്തിന് തൊട്ടടുത്താണ് ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ഗൗരിയമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ പൊലീസ് ഇടപെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്ത ഗൗരിയമ്മയുടെ മടക്കം.