കൊല്ലം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ എല്ലാ മേഖലകളിലും കൃത്യതയാര്‍ന്ന നിരീക്ഷണവും വിപുലമായ പരിശോധനകളും അനിവാര്യമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് വിലയിരുത്തല്‍. കണ്ടയിന്‍മെന്റ് സോണിലുള്ള ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 7.30 വരെയാണ് പ്രവര്‍ത്തനാനുമതി. മറ്റുള്ളവയ്ക്ക് രാത്രി ഒന്‍പത് മണി വരെയും. ടേക്ക് എവേ കൗണ്ടറുകള്‍ക്ക് 11 മണി വരെ തുടരാം. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനാ സമയം രാത്രി 10 മണിവരെ മാത്രം.
ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലേയും ജീവനക്കാരുടെ പങ്കാളിത്തമുണ്ടാകണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വരണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയകക്ഷി-ആരോഗ്യവകുപ്പ്-പോലീസ് പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേരാനും നിര്‍ദേശമുണ്ട്. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം. അലക്സ്.പി.തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വരണാധികാരികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.