ഭുവനേശ്വര്‍: ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന ഒഡീഷയിലെ 10 ജില്ലകളില്‍ വൈകീട്ട് 6 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുരേഷ് മഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19 മുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ശേഷിക്കുന്ന 20 ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ രാത്രി 9 മുതല്‍ വൈകീട്ട് 5 വരെ എന്ന വിധത്തില്‍ 16 മുതല്‍ ഏര്‍പ്പെടുത്തും. കൊവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സംസ്ഥാനത്തെ പത്താം ക്ലാസ്, 12 ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടു. ഒമ്പതാം ക്ലാസ്, 11 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ഏപ്രില്‍ 19 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ എടുക്കാന്‍ അനുവദിക്കില്ല. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും 50 ശതമാനം ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കൂ. സ്വകാര്യ സ്ഥാപനങ്ങളെ സ്റ്റാഫ് കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

