ഹരിപ്പാട് . കുമാരപുരം നിവാസിയായ ചെറുപ്പക്കാരന്റെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയക്കായി ഒരു നാട് സമാഹരിച്ചത് 50 ലക്ഷത്തിലധികം രൂപ. എരിക്കാവ് മംഗലശേരില്‍ കാട്ടില്‍ ദിലീപ് കുമാറിന്റെ ചികിത്സക്കായിട്ടാണ് നാട് ഒത്തൊരുമിച്ച് ഇറങ്ങിയത്. ദിലീപ് കുമാറിന്റെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ കടംവാങ്ങി കുടുംബം കടക്കെണിയിലായി. അടിയന്തിരമായി കരള്‍ മാറ്റി വച്ചില്ലെങ്കില്‍ ദിലീപിന്റെ ജീവന്‍ അപകടത്തിലാകുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ദിലീപ് ജീവന്‍രക്ഷാ സമിതി രൂപികരിച്ചത്. ദിലീപിന് കരള്‍ നല്‍കാന്‍ മകള്‍ അഭിരാമി തയ്യാറാവുകയും ചെയ്തു. എറണാകുളം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ 21 കാരിയായ മകള്‍ അഭിരാമിയുടെ കരള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലേക്കുളള തിരിച്ചുവരവിന് വഴിയൊരുങ്ങും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി ചെയര്‍പേഴ്‌സനായും, ഗ്രാമ പഞ്ചായത്തംഗം സുധീര്‍ വര്‍ക്കിംഗ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ.ടിഎസ് താഹ ജനറല്‍ കണ്‍വീനറും ആര്‍ ബിജു ട്രഷററും ആയ സമിതിയുടെ നേതൃത്വത്തില്‍ 15 വാര്‍ഡുകളിലും സമിതികള്‍ രൂപികരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ ചെയര്‍മാന്‍മാരായ വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും മുന്‍കൂട്ടി അഭ്യര്‍ത്ഥന എത്തിച്ചു. 2021 മാര്‍ച്ച 2 ന് രാവിലെ 7മണിമുതല്‍ 2 മണിവരെ ഓരോ വാര്‍ഡിലും നൂറുകണക്കിന് ആളുകള്‍ കയറിയിറങ്ങി പണം സമാഹരിച്ചു.
ജനപ്രതിനിധികളും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും തൊഴിലുറപ്പു തൊഴിലാളികളും തുടങ്ങി സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ടവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി. വൈകുന്നേരം തന്നെ സമാഹരിച്ച തുക സംസ്ഥാന കേരള ബാങ്ക് ഡയറക്ടര്‍ എം സത്യപാലന്‍ ഏറ്റുവാങ്ങി. 43,89,631 രൂപയാണ് ജനങ്ങള്‍ നേരിട്ട് സംഭാവനയായി നല്‍കിയത്. ദിലീപ് കുമാറിന്റെ മകള്‍ അഭിരാമിയുടെ പേരില്‍ ആരംഭിച്ച ബാങ്ക്അക്കൗണ്ടില്‍ 6,20,000 രൂപയും ലഭിച്ചു. ആകെ 50ലക്ഷത്തില്‍പരം രൂപ ഈ സംരംഭത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു.

