പുനലൂര്‍: റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടുബഹിഷ്‌ക്കരണത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ചെമ്മന്തൂരില്‍ നിന്ന് മഞ്ഞമണ്‍കാല വഴി എലിക്കോട്, ഇളമ്പല്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതോടെയാണ് പ്രദേശവാസികള്‍ വോട്ടുബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയത്. ഇനിയും പരാതി നല്‍കി വിഢികളാകാന്‍ താല്‍പ്പര്യമില്ലെന്നാണ് ജനങ്ങളുടെ പക്ഷം
15 വര്‍ഷം മുമ്പാണിവിടെ അവസാനമായി റോഡ് ടാര്‍ ചെയ്തത്. പിന്നീട് അറ്റകുറ്റപണികള്‍ പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാതയാണിത്. നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. അടിയന്തിര ഘട്ടങ്ങളില്‍പോലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് . കാല്‍നട സഞ്ചാരം പോലും ദുഷ്‌ക്കരമാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന മെറ്റലെല്ലാം ഒഴുകി പോവുകയും ചെയ്തതോടെ വന്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്.