പത്തനാപുരം പുകയുന്നു , സി പി ഐ യും ഗണേഷ് കുമാറും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തേക്ക്, യോഗത്തിൽ വാക്പോര്

പത്തനാപുരം: പത്തനാപുരം നിയോജക മണ്ഡലത്തിൽ എൽ ഡി എഫിനകത്ത് അസ്വാരസ്യങ്ങൾ പുകയുന്നു. 01/04/21വ്യാഴാഴ്ച ചേർന്ന എല്‍ഡിഎഫ് പത്തനാപുരം മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയും സിപിഐ നേതാക്കളും തമ്മില്‍ പരസ്യമായ വാക്കേറ്റമുണ്ടായി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് സംഭവം.

സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവെ ആക്ഷേപം ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ പത്രസമ്മേളനം വിളിച്ച് നേതാക്കള്‍ വ്യക്തത വരുത്തണമെന്നും കെബി ഗണേഷ് കുമാര്‍ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

തങ്ങള്‍ പിറപ്പു ദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ് വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം ജിയാസുദീന്‍ എന്നിവര്‍ രംഗത്തെത്തി.

സിപിഐയെക്കുറിച്ച് മനസ്സിലാക്കാന്‍ ഗണേഷ് കുമാറിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്ന് സിപിഐ നേതാക്കള്‍ തുറന്നടിച്ചു. ഗണേഷ് കുമാര്‍ എല്‍ഡിഎഫില്‍ എത്തിയ ശേഷം അഞ്ച് വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എംഎല്‍എയുടെ ഓഫീസിനു മുന്നില്‍ പോയിട്ടില്ല. എംഎല്‍എയ്ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടായിരുന്നെങ്കില്‍ നേതൃതല സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പറയണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) യുടെ’ നേതൃത്വത്തിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവര്‍ത്തനം നടത്തിയതും. ഇത് മറന്നിട്ടല്ല എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.

ഇരുവിഭാഗവും തമ്മില്‍ വാക്‌പോര് തുടര്‍ന്നപ്പോള്‍ സിപിഐഎം നേതാക്കള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം.

2001 മുതൽ കേരള കോൺഗ്രസ് ബി സ്ഥാനാർഥിയായ കെ ബി ഗണേഷ് കുമാറിനെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സിനിമാ നടൻ ജഗദീഷിനെയാണ് ഗണേഷ് കുമാർ പരാജയപ്പെടുത്തിയത്. ഇക്കുറി കരുത്തനായ ജ്യോതികുമാർ ചാമക്കാലയെ ആണ് യു ഡി എഫ് രംഗത്തിറക്കിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →