കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും അന്തരിച്ച സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ 75-ാം ബൂത്തില്‍ കണ്ണങ്കോട് സെക്ഷനില്‍ 762-ാം നമ്പരു കാരനായാണ് കുഞ്ഞനന്തന്റെ പേരുളളത്. അദ്ദേഹത്തിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിട്ടില്ലെന്ന് പരാതിപ്പെട്ടയാള്‍ക്ക് കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ബിഎല്‍ഒ നടത്തിയ പരിശോധനയിലാണ് കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ട്.
ഇടത് അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകനായ ബിഎല്‍ഓയ്‌ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ഉണ്ടെന്ന് യുഡിഎഫ് ആരോപിച്ചു.ഫീല്‍ഡ് വെരിഫിക്കേഷനില്‍ കുഞ്ഞനന്തന്‍ മരണപ്പെട്ടതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് ബിഎല്‍ ഒ പറഞ്ഞു. എന്നാല്‍ അവസാന പട്ടിക വന്നപ്പോഴും കുഞ്ഞനന്തന്റെ പേര് നീക്കിയിരുന്നില്ല. സംഭവത്തെക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനും കളക്ടര്‍ക്കും യുഡിഫ് പരാതി നല്‍കി. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ രോഗ ബാധിതനായി 2020 ജൂണ്‍ 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്.

