ബെംഗളൂരു: 500കിലോ കഞ്ചാവുമായി കര്‍ണാടകയിലെത്തിയ ലഹരികടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശികളായ ദയാല്‍റാം, പൂനാറാം, ബുദ്ദാറാം എന്നിവരാണ് അറസ്റ്റിലായത്. ഇടപാടുകാരെന്ന വ്യാജേന ലഹരികടത്തു സംഘത്തെ സമീപിച്ച പോലീസ് ഒരു ടണ്‍ കഞ്ചാവ് വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍ പണം കണ്ടാലെ കഞ്ചാവ് കൈമാറുവെന്ന് സംഘം അറിയച്ചതിനെ തുടര്‍ന്ന് സിനിമാ ചിത്രീകരണത്തിനുപയോഗിക്കുന്ന വ്യാജ നോട്ടുകള്‍ സംഘടിപ്പിച്ച് ഉദ്യോഗസ്ഥര്‍ സംഘത്തിന് കാട്ടിക്കൊടുത്തു. തുടര്‍ന്ന് നഗരത്തില്‍ ട്രക്കില്‍ കഞ്ചാവുമായെത്തിയ സംഘത്തെ കെആര്‍ പുരത്തെ ഗോഡൗണില്‍ വെച്ച് പിടികൂടുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിന് പിന്നില്‍ 86 കെട്ടുകളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംഘത്തില്‍ ശേഷിച്ച മറ്റുളളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ബെഗളൂരു പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് പറഞ്ഞു. ബെംഗളൂരുവിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്ത് വ്യാപകമായെേതായാണ് പോലീസ് അന്വേഷണം വ്യാപകമാക്കിയത്. പത്ത് ദിവസത്തോളം നീണ്ട ഓപ്പറേഷനില്‍ പങ്കെടുത്ത എസ്‌ഐ അംബരീഷിന്റെ നേതൃത്വത്തിലുളള സംഘത്തിന് 80,000രൂപ പാരിതോഷികവും ബംഗളൂരു കമ്മീഷണര്‍ കൈമാറി

