ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബോട്ടിൽ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ് ഫ്ലയിംഗ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത്. ഇത്തവണ ആദ്യമായാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോട്ടിലുള്ള ഫ്ലയിങ് സ്ക്വാഡിന്റെ പ്രവർത്തനം. ചേർത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ചുമതലയിലാണ് ഫ്ലയിംങ് സ്ക്വാഡ് പ്രവർത്തിക്കുക.
ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഒരു പൊലീസ് ഓഫീസർ, ഒരു ക്യാമറാമാൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ക്വാഡിൽ ഉള്ളത്. ഇവർ സംശയകരമായി കണ്ടെത്തുന്ന ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ നിരീക്ഷിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. പഞ്ചായത്ത് സെക്രട്ടറിമാരായ കെ സുജാത, സജി, സെബാസ്റ്റ്യൻ എന്നിവരാണ് വിവിധ ഷിഫ്റ്റുകളിലായി ഫ്ലോട്ടിംഗ് സ്ക്വാഡുകള്‍ക്ക് നേതൃത്വം നൽകുന്നത്.