ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് അടുത്ത മാസം 12നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് 2021 ഏപ്രിൽ മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു ഡി എഫ് തിരുമാനം.
എല്‍ഡിഎഫിന് ഒഴിവ് വന്ന രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് സീറ്റുകളും സിപിഐഎം പ്രാതിനിധ്യം കൂട്ടാന്‍ ഉപയോഗിക്കണമെന്ന അഭിപ്രായം നേതൃത്വത്തിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

