പനാമ ചരക്ക് കപ്പലിടിച്ച് മത്സ്യ തൊഴിലാഴികള്‍ മരിച്ച കേസില്‍ കോടതികള്‍ പ്രതിസന്ധിയില്‍

കൊച്ചി:ചരക്ക് കപ്പലിടിച്ച മൂന്നുമത്സ്യ തൊഴിലാളികള്‍ മരിച്ചകേസില്‍ കേന്ദ്രനുമതി ഇല്ലാതെ ഇന്ത്യ വിട്ട പ്രതികളെ വിചാരണക്കായി തിരിച്ചെത്തിക്കാനാവാത്തതില്‍ കോടതി നടപടികള്‍ പ്രതിസന്ധിയില്‍. അതിനിടെ ഒന്നാം പ്രതിയും ഗ്രീക്ക് പൗരനുമായ ക്യാപ്റ്റന്‍ മരിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരം വിചാരണയുടെ മുന്നോട്ടുളള നടപടികള്‍ ദുഷ്‌ക്കരമാക്കി. കേസിലെ വിദേശിയായ രണ്ടാം പ്രതി എവിടെയുണ്ടെന്ന് വ്യക്തവുമല്ല. അമ്പര്‍ എന്ന പനാമ ചരക്കുകപ്പല്‍ 2017ല്‍ കൊച്ചി പുറം കടലില്‍ മത്സ്യ ബന്ധന ബോട്ടിടിച്ച് തെറിപ്പിച്ച് മൂന്നുമത്സ്യതൊഴിലാളികള്‍ മരിച്ച കേസിലാണ് കപ്പലിന്റെ ക്യാപ്ടനും മറ്റുരണ്ടുപേരും ജാമ്യം നേടി രാജ്യംവിട്ടത്.

കേസില്‍ എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റന്‍ ജോര്‍ജിയ ഇയോണിസ് മരിച്ചെന്ന റിപ്പോര്‍ട്ട് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ ഇയാള്‍ക്കെതിരെയുളള നടപടികള്‍ ഒഴിവാക്കി. ഗാലാനോസ് അത്തനാസിയോസ് എന്ന രണ്ടാം പ്രതി എവിടെയെന്ന് വ്യക്തമല്ലെന്ന് പ്രതിഭാഗം പറയുന്നു. ഈ ഘട്ടത്തില്‍ പ്രതികളെ നാട്ടിലെത്തിക്കാനാവാതെ വിചാരണ നടപടികള്‍ നിലച്ചുപോകുമെന്നാണ് കേസില്‍ നഷ്ടപരിഹാരം തേടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക.

വിചാരണ നേരിടാതെയാണ് പ്രതികള്‍ നാടുവിട്ടത്. 14 മത്സ്യ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഇടിച്ചുതെറിപ്പിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. തീരദേശ പോലീസ് കപ്പലിനെ പിന്‍തുടര്‍ന്നാണ് കപ്പല്‍ തീരത്തടുപ്പിച്ചത്. ക്യാപറ്റന്‍ ഉള്‍പ്പെടയുളളവര്‍ റിമാന്‍ഡിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവരെ ഗ്രീക്ക് എംബസി ഡെപ്യൂട്ടി കമ്മീഷണറുടെ ഉറപ്പിലാണ് വിട്ടയച്ചത്. കൊച്ചിവിടരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി ഇവര്‍ സെഷന്‍സ് കേടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രോസിക്യൂഷനും തീരദേശ പോലീസും ജാഗ്രതപാലിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് പ്രതികള്‍ വിട്ടയക്കപ്പെട്ടത്. കേന്ദ്രനുമതി ആവശ്യമുളള നയതന്ത്ര വിഷയമായിട്ടും സംസ്ഥാന സര്‍ക്കാര്‍ കേസില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.

കപ്പലിന്‍ന്റെ വിഡിആര്‍ഡേറ്റ പരിശോധിക്കാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതും ദുരൂഹമായി .ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിയിലെ നാവികര്‍ സമാനമായ രീതിയില്‍ രാജ്യം വിട്ടുപോയെങ്കിലും അവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതുപോലെ കേസില്‍ നടപടികള്‍ എളുപ്പമാവില്ലെന്ന് മാരിടൈം നിയമ വിദഗ്ദനായ അഡ്വ.യാഷ് തോമസ് മാന്നുളളി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →