കട്ടപ്പന: കട്ടപ്പനയില്‍ വീണ്ടും നല്ല സിനിമയുടെ വസന്തകാലം . 2021 മാര്‍ച്ച് 24,25 തീയതികളില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള കട്ടപ്പനയില്‍ നടക്കുകയാണ്. മേളയുടെ ഉദ്‌ഘാടനം 24-3-2021 ബുധനാഴ്ച 11.30ന് സംവിധായകന്‍ സജിന്‍ ബാബു നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് `ബിരിയാണി’ എന്ന മലയാള ചിത്രത്തിന്‍റെ പ്രദര്‍ശനവും ഉച്ചക്കുശേഷം മൂന്നുമണിക്ക് ‘അയ്‌ല-ദി ഡോട്ടര്‍ ഓഫ് വാര്‍’ എന്ന തുര്‍ക്കി ചിത്രവും ,6 മണിക്ക് റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത ‘വാസന്തി’യെന്ന മലയാളചിത്രവും പ്രദര്‍ശിപ്പിക്കും.
25-3-2021 വ്യാഴാഴ്ച ഉച്ചക്ക് 12ന് അഭിഷേക് ഷാ സംവിധാനം ചെയ്‌ത ഗുജറാത്തി ചിത്രം ഹെല്ലാരോ, 3 മണിക്ക് ബ്രിട്ടീഷ് ചിത്രം “1917” , 6 മണിക്ക് ഡോണ്‍ പാലത്തറ സംവിധാനം ചെയ്‌ത “1956, മധ്യതിരുവിതാംകൂര്‍” എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഫെസ്‌റ്റിവലില്‍ സിഗ്നച്ചര്‍ ഫിലിമിന്‍റെ പ്രകാശനം 21-3-2021 ഞായറാഴ്‌ച കട്ടപ്പന ദര്‍ശന ഹാളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജികെ ഫിലിപ്പ് റിലീസ് ചെയ്‌തിരുന്നു.
ഇരുപതാമത് ഏഷ്യറ്റിക്ക് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച സിനിമക്കുളള നെറ്റ്‌പാക്ക് പുരസ്‌ക്കാരം നേടിയ ചിത്രമാണ് ബിരിയാണി. 42-മത് മോസ്‌ക്കോ ചലച്ചിത്ര മേളയില്‍ ബിരിയാണിയില്‍ അഭിനയിച്ച കനി കുസൃതി മികച്ച നടിക്കുളള അവാര്‍ഡ് നേടി. കേരളത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുളള സംസ്ഥാന അവാര്‍ഡും കനിക്കായിരുന്നു.
പ്രേക്ഷകരുടെ മനം കവരുന്ന തുര്‍ക്കി ചിത്രമാണ് അയ്‌ല ദ ഡോട്ടര്‍ ഓഫ് വാര്‍. 1950 ല്‍ കൊറിയന്‍ യുദ്ധത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പകുതി മരവിച്ച ഒരു കൊച്ചുപെണ്‍കുട്ടിയെ സര്‍ജന്‍റ് സലിമാന്‍ കാണുന്നു. മാതാപിതാക്കളോ മറ്റു സഹായമോ ഇല്ലാതെ പരിഭ്രാന്തയും വിവശയുമായ ഈ കൊച്ചുപെണ്‍കുട്ടി സലിമാന്‍റെ ഹൃദയം പിടിച്ചടക്കുന്നു. മരണത്തിന്‍റെ വക്കിലായിരുന്ന അവളെ രക്ഷിക്കാനായി സലിമാന്‍ സ്വന്തം ജീവന്‍തന്നെ പണയപ്പെടുത്താന്‍ തയ്യാറാവുന്നു. അയാള്‍ അവളെ തന്‍റെ സൈനീക കേന്ദ്രത്തിലേക്ക് സുരക്ഷിതമായി മാറ്റി. അവളുടെ പേരറിയാത്തതുകൊണ്ടും അവളെ കണ്ടുമുട്ടിയ നിര്‍ഭാഗ്യകരമായ രാത്രിയിലെ ചന്ദ്രനെ അനുസ്‌മരിക്കുന്നതിനുമായി അവള്‍ക്ക് അയ്‌ല എന്ന പേരിട്ടു. രണ്ടുപേര്‍ക്കിടയിലും വേര്‍പിരിക്കാനാവാത്ത ഒരു ബന്ധം വളരുന്നു. എന്നിരുന്നാലും യുദ്ധം അവസാനിക്കുമ്പോള്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അറിയിപ്പ് ലഭിക്കുന്നു. അയ്‌ലയെ ഉപേക്ഷിക്കുന്നത് സഹിക്കാനാവാത്ത സലിമാന്‍ ഒടുവില്‍ അവളെ ഒരു അനാഥാലയത്തിന് നല്‍കാന്‍ നിര്‍ബ്ബന്ധിതനാവുന്നു .ഒരു ദിവസം അവളുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയില്‍ അയ്‌ല ദഡോട്ടര്‍ ഓഫ് വാര്‍ അവസാനിക്കുന്നു.